Monday, May 30, 2011

2116-ൽ

ഒരു ന്യൂക്ലിയർ യുദ്ധമോ, ആഗോളതാപനമോ, അന്തരീക്ഷമലിനീകരണമോ അതുമല്ലെങ്കിൽ അതീവഭീകരമായ ഏതെങ്കിലും അസുഖങ്ങളോ ആയിരിയ്ക്കും ലോകവസാനത്തിന്‌ കാരണമാവുകയെന്ന് അടുത്തകാലംവരെ ഭൂരിഭാഗംപേരും വാദിച്ചിരുന്നു; വിശ്വസിച്ചിരുന്നു.

എന്തൊക്കെയായാലും ഇപ്പോൾ പണ്ടത്തെ കാരണങ്ങൾക്കൊന്നും വലിയ ഡിമാന്റില്ല. കാരണം, ശാസ്ത്രജ്ഞന്മാരുടെ പുതിയ (കുറച്ചു പഴകിയതാണ്‌) ഒരു കണ്ടുപിടുത്തമാണ്‌. 10 കിലോമീറ്ററോളം വീതിവരുന്ന ഒരു വമ്പൻ പാറക്കഷണം (Swift-tuttle), space-ൽ നിന്നും 200000 km/h വേഗതയിൽ ഭൂമിയുടെ നേരെ പാഞ്ഞടുക്കുകയാണ്‌. ആ കക്ഷി ഉദ്ദേശം 2116 ആഗസ്റ്റ്‌ 14-ന്‌ നമ്മുടെ ഉച്ചയൂണ്‌ കഴിഞ്ഞുള്ള രണ്ടുമണിനേരത്ത്‌ ഭൂമിദേവിയുമായി അതിഭയങ്കരമായി കൂട്ടിയിടിയ്ക്കുമെന്നാണ്‌ ചില ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ വാദം. ഇനി ആ കൂട്ടിയിടികൊണ്ടെന്താ കുഴപ്പമെന്ന് ചോദിച്ചാൽ സംഗതി വളരെ രസാണ്‌. ചുരുക്കം പറഞ്ഞാൽ കോരിത്തരിച്ചുപോകും.

65 മില്ല്യൺ വർഷങ്ങൾക്കുമുമ്പ്‌ ഭൂമിയിൽ ഇത്തരത്തിലുള്ള ഒരു വമ്പൻ asteroid വന്നിടിച്ചിരുന്നു. അതിന്‌ ഒരുദ്ദേശം 5 കിലോമീറ്റർ വീതിയും 100,000 km/h വേഗതയുമായിരുന്നു. ആ കൂട്ടിയിടി വലിയ ഒരു പൊട്ടിത്തെറിയ്ക്ക്‌ കാരണമായി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഒരേ സമയം 7 മില്ല്യൺ ന്യൂക്ലിയർ ബോംബുകൾ പൊട്ടിച്ചാലുണ്ടാകുന്ന അവസ്ഥയ്ക്ക്‌ തുല്ല്യമായ ഒരന്തരീക്ഷം. ഇത്‌ ബില്ല്യൺ കണക്കിന്‌ ടൺ പൊടിയുംമറ്റും അന്തരീക്ഷത്തിലേയ്ക്കുയർത്തി. ഈ പൊടിപടലങ്ങൾ, സൂര്യനിൽനിന്നുമുള്ള ചൂടും പ്രകാശവും ഭൂമിയിലേക്ക്‌ എത്തുന്നത്‌ തടഞ്ഞു. അതിന്റെ ഫലമായി ഭൂമി മുഴുവനും അന്ധകാരം നിറഞ്ഞു; കൊടുംതണുപ്പും.

ചൂടും വെളിച്ചവുമില്ലാതെ മരങ്ങൾ മരിച്ചു. ഭക്ഷണമില്ലാതെയായി. സസ്യഭോജികൾക്ക്‌ വംശനാശം സംഭവിച്ചു. പതിയെ മാംസഭോജികളും അപ്രത്യക്ഷരായി. രണ്ടുകൊല്ലത്തോളം ഭൂമി കൂരിരുട്ടിലും കൊടുംശൈത്യത്തിലും കഴിഞ്ഞുകൂടി. പിന്നെ സാവധാനം അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ താഴേക്ക്‌ നിപതിച്ചുതുടങ്ങി.

സൂര്യന്റെ ചൂടും വെളിച്ചവും ഭൂമിയെ തഴുകിയുണർത്തി. ഒളിഞ്ഞിരുന്ന വിത്തുകൾ പതിയെ പുറത്തിറങ്ങി. കൊടുംശൈത്യത്തിൽകുതിർന്ന കൂരിരുട്ടിനെ അതിജീവിച്ച, അപൂർവ്വം ചില ജന്തുജാലങ്ങൾ പുതിയഭൂമിയിലേക്ക്‌ കാലുകൾ വച്ചു.

ഇത്രയും പറഞ്ഞത്‌ ഒരു ചെറിയ ഫ്ലാഷ്ബാക്ക്‌. അന്നത്തേതിന്റെ ഒരിരട്ടി വലുപ്പമുള്ള സംഭവമായിരിയ്ക്കും 2116-ൽ അരങ്ങേറാൻ പോകുന്നതെന്ന് സാരം. (രോമാഞ്ചമുണ്ടാകുന്നുണ്ടോ?)

No comments:

Post a Comment